തത്വശാസ്ത്രം

തത്വശാസ്ത്രം

ജീവനം ഒരു ദർശനമാണ്, വെറും ഒരു ചികിത്സാ പദ്ധതി മാത്രമല്ല.

Home | Dr. Jenny Kalathil

തത്വശാസ്ത്രം

ജീവനെ നിയന്ത്രിക്കുന്ന ഒരു നിയമമുണ്ട് എന്നുള്ളതു സാമ്പ്രദായഭേദമന്യേ എല്ലാവൈദ്യ ശാസ്ത്രപണ്ഡിതന്മാരും അംഗീകരിക്കുന്ന ഒരു സത്യമാണ്. നിയമങ്ങളെന്നാൽ, നമുക്കു സുപരിചിതമായ മനുഷ്യനിർമിത കോടതി നിയമങ്ങളല്ല. മറിച്ച്, പ്രപഞ്ചത്തിൽ കാണപ്പെടുന്ന ഏതു സാദ്ധ്യതയും സംഭാവ്യമാകുമ്പോൾ അതിനു പിന്നിൽ ഒളിഞ്ഞിരിക്കുന്ന ചില സർവ്വസാമാന്യതകളുണ്ട്; അവയെ വിശദീകരിക്കുന്ന സമവാക്യങ്ങളെയാണ് നിയമങ്ങൾ എന്നതുകൊണ്ട് ഇവിടെ അർത്ഥമാക്കുന്നത്. നിയമങ്ങളുടെ കൂട്ടത്തിൽ ജീവനുള്ള ശരീരത്തെ നിയന്ത്രിക്കുന്നവയെ ചുരുക്കത്തിൽ ജീവന്റെ നിയമങ്ങൾ എന്ന്പറയന്നു. സർവ്വജീവജാലങ്ങൾക്കും ബാധകമായ ഒന്നാണിത്. എന്നിരുന്നാലും മനുഷ്യൻ അവന്റെ ബോധംകൊണ്ട് കണ്ടെത്തിയിരിക്കുന്ന ഇത്തരം സമവാക്യങ്ങൾക്ക് (അഥവാ നിയമങ്ങൾക്ക്) അനുസൃതമായാണ് പ്രപഞ്ചം അതിന്റെ സംഭാവ്യതകൾ പുറത്തെടുക്കുന്നത് എന്നർത്ഥമില്ല. ഉദാഹരണത്തിന്, ഭൂഗുരുത്വാകർഷണം എന്ന നിയമമനുസരിച്ചല്ല, മഴപെയ്യുമ്പോൾ വെള്ളമത്രയും താഴേക്കു വീഴുന്നതും, ഞെട്ടറ്റ ആപ്പിൾപഴം മരത്തിന്റ തടത്തിലേക്കു പതിക്കുന്നതും. പ്രപഞ്ചത്തിൽ സ്വാഭാവികമായി സംഭവിക്കുന്ന ഇത്തരം പ്രതിഭാസങ്ങളിൽ നിന്നും മ നുഷ്യൻ ഭൂഗുരുത്വാകർഷണം എന്ന ഒരു നിയമത്തെ കണ്ടെത്തിയിരിക്കുന്നു എന്നു മാത്രമേ ഇതിനർത്ഥമുള്ളു.

ജീവശരീരത്തിനു ബാധകമായ ചില സ്വഭാവിക നിയമങ്ങൾ കണ്ടെത്താമെന്നു വരികിലും ജീവന്റെ അടിസ്ഥാനപരമായ ഏകതത്ത്വം എന്താണ് എന്നു കണ്ടെത്താൻ മനുഷ്യമേധക്കാകുമെന്നു തോന്നുന്നില്ല. ദ്രവ്യം എന്ത് എന്നതിൻറെ പൂർണ്ണമായ സ്വരൂപം കണ്ടെത്തിയിട്ടല്ലല്ലോ ഒരു ഊർജ്ജതന്ത്രജ്ഞൻ തന്റെ കണ്ടുപിടുത്തങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്നത്. അതുപോലെ, തന്മാത്രകളുടെ മൗലീകമായ സ്വഭാവം എന്ത് എന്ന് അറിഞ്ഞിട്ടല്ല ഒരു രസതന്ത്രജ്ഞൻ തന്റെ രാസപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും. അതുപോലെ, ജീവന്റെ അന്തിമസ്വരൂപം എന്ത് എന്ന് പൂർണമായും മനസ്സിലാക്കിയിട്ടല്ല ഒരു പ്രകൃതിചികിത്സകൻ ജീവന്റെ പ്രവർത്തനങ്ങളിൽ വ്യാപൃതരായിരിക്കുന്നതും. ഈ സത്യം തുറന്നു പറയുന്നതിൽ ഞങ്ങൾക്കു യാതൊരു സങ്കോചവുമില്ല. കാരണം അന്തിമമായ ആ ജീവതത്ത്വം മനുഷ്യന്റെ ബുദ്ധിക്കു പിടിതരുന്ന ഒന്നല്ല. എന്നാൽ ആധുനിക വൈദ്യശാസ്ത്രം മനുഷ്യ ചിന്തയുടെ ഈ ന്യൂനത തുറന്നു സമ്മതിക്കുന്നില്ല. മാത്രമല്ല, പൂർണമായും ശാസ്ത്രീയമാണ് അവരുടെ ചികിത്സ എന്ന്‌ അവകാശപ്പെടുകയും ചെയ്യുന്നു.

പ്രകൃതിചികിത്സകൻ കണ്ടെത്തിയ ജീവന്റെ മഹാനിയമം ഇതാണ്. ആത്മസംരക്ഷണമാണ് ജീവന്റെ പരമപ്രധാനമായ പ്രകടഭാവം.

ജീവശരീരത്തിൽ ഉള്ളടങ്ങിയിരിക്കുന്ന ഓരോ ചെറുകണങ്ങളും ആത്മസംരക്ഷണ ത്തിനുള്ള ഒരു സഹജവാസന(പ്രേരണ)യാൽ അനുഗ്രഹീതമായിരിക്കുന്നു. ഈ കണങ്ങൾ പരിപോഷിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് ശരീരത്തിൽ സ്വാഭാവികമായി നിലനിൽക്കുന്ന ഒരു ജീവശക്തിയുടെ പിൻബലത്തിലാണ്. ആ ശക്തിയെ സാധാരണ ഗതിയിൽ ചൈതന്യം അഥവാ ജീവശക്തി എന്നു വിളിക്കാം. ശരീരത്തിൽ നടക്കുന്ന സകല പ്രവർത്തനങ്ങളുടെയും വിജയം ഈ ശക്തിക്കു നേർ അനുപാതത്തിലായിരിക്കും സംഭവിക്കുന്നത്. അതായത്, ജീവശക്തിയുടെ അളവ് കൂടിയിരിക്കും തോറും ജീവന്റെ ആത്മസംരക്ഷണം എന്ന പ്രവൃത്തി വിജയം കാണുന്നു. അതുപോലെ ജീവശക്തിയുടെ അമിതമായ ഉപയോഗം ആത്മസംരക്ഷണം എന്ന കടമ്പയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. മഹാനിമയം എന്നത് കേവലം താത്ത്വികമായ ഒരു വിശദീകരണം മാത്രമാണ്. മനുഷ്യശരീരത്തിൽ ഇതു പ്രാവർത്തികമാകുന്നത് എട്ടു ഉപനിയമങ്ങളിലൂടെയാണ്. ഇവ എട്ടും കൃത്യമായി അറിയുന്നതിലൂടെ മാത്രമാണ് പ്രകൃതിചികിത്സ മനുഷ്യനു പ്രയോജനകരമായ ഒരു ശാസ്ത്രമായിത്തീരുന്നത്.